കൊച്ചി: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോഖ്യൻ പാത്രിയാർക്കീസ് മാർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തി.
സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയാർക്കീസിന്റെ സന്ദർശനം.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാരും ചേർന്ന് പാത്രിയാർക്കീസിനെ സ്വീകരിച്ചു. തുടർന്ന് സിനഡിലെ മെത്രാന്മാരെ പാത്രിയാർക്കീസ് അഭിസംബോധന ചെയ്തു.
പൗരസ്ത്യ കത്തോലിക്കാ സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയസമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സീറോമലബാർ സഭയും അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ കൂടുതൽ വളർത്തിയെടുക്കുന്നതിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാത്രിയാർക്കീസിന്റെ സന്ദർശനത്തിന് മേജർ ആർച്ച്ബിഷപ് നന്ദി അറിയിച്ചു.